ഗുരുവായൂർ: കനത്ത മഴയിൽ ഗുരുവായൂരിൽ ഒരു വീട് ഭാഗികമായി തകർന്നു. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ഇരിങ്ങപ്പുറം കുളങ്ങര വീട്ടിൽ സുനിലിന്റെ വീടാണ് മഴയിൽ തകർന്നത്. വീടിന്റെ ഒരു ഭാഗത്തെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡ് വെള്ളത്തിൽ മുങ്ങി. മമ്മിയൂർ ജംഗ്ഷനിൽ നിന്നും ഗുരുവായൂരിലേയ്ക്കുള്ള റോഡിൽ വെള്ളക്കെട്ടായതോടെ ഈ വഴിയുള്ള ഗതാഗതം നിർത്തലാക്കി. മാവിൻചുവട് റോഡ്, ശ്രീകൃഷ്ണ സ്‌കൂളിന് സമീപത്തെ റോഡ്, പഞ്ചാരമുക്ക്, ഗാന്ധിനഗർ, അങ്ങാടിത്താഴം, കാരക്കാട്, മാണിക്കത്ത് പടി റോഡ്, തൈക്കാട് തിരിവ് എന്നിവിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. അങ്ങാടിത്താഴം തോട് കരകവിഞ്ഞൊഴുകി ഇരുകരയിലുമുള്ള വീടുകളിൽ വെള്ളം കയറി. തൈക്കാട് തിരിവിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.