ഐക്യദാർഡ്യ സമരത്തിന്റെ 100-ാം ദിനത്തിൽ നടന്ന മനുഷ്യശൃംഖലയും അളഗപ്പമിൽ സംരക്ഷണ പ്രതിജ്ഞയും.
ആമ്പല്ലൂർ: രാജ്യത്തെ എൻ.ടി.സി.മില്ലുകൾ വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തൊഴിലാളി ഐക്യനിര ശക്തിപ്പെടുത്തുമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. സി.പി.ഐ അളഗപ്പനഗർ പഞ്ചായത്ത് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഐക്യദാർഡ്യ സമരത്തിന്റെ 100-ാം ദിവസത്തെ മനുഷ്യശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മില്ലുകൾ വിൽക്കാനാണ് കേന്ദ്ര തീരുമാനമെങ്കിൽ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. 600-ൽ താഴെ വരുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ ജോലിയില്ലാതെ പട്ടിണിയിലാണെന്ന കാര്യം വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ കെ.എം ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ് പ്രിൻസ് ശൃംഖലയുടെ ഭാഗമായ അളഗപ്പമിൽ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സി.പി.ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ ശേഖരൻ, സി.യു പ്രിയൻ, പി.എം നിക്‌സൺ, ലോക്കൽ സെക്രട്ടറി വി.കെ അനീഷ്, വി.എസ് ജോഷി, എം.എ ജോയ്, കെ.ആർ അനൂപ്, വി.കെ വിനീഷ്, ജയന്തി സുരേന്ദ്രൻ, കെ.ഉണ്ണിക്കൃഷ്ണൻ, വി.കെ ലതിക എന്നിവർ സംസാരിച്ചു.