ചാലക്കുടി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൂടപ്പുഴ തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാളിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. ഗവ.ബോയ്‌സ് സ്‌കൂൾ, കോട്ടാറ്റ് സെന്റ് ആന്റണീസ് പരീഷ് ഹാൾ, കോട്ടാറ്റ് സ്‌കൂൾ, വി.ആർ.പുരം ഗവ.സ്‌കൂൾ, നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി പാരീഷ് ഹാൾ എന്നിവിടങ്ങളാണ് ക്യാമ്പിനായി സജ്ജമാക്കുക. ആവശ്യമെങ്കിൽ ബുധനാഴ്ച മുതൽ ഇവ തുറന്ന് പ്രവർത്തിപ്പിക്കും. ഓരോ ക്യാമ്പുകൾക്കും രണ്ട് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മറ്റെല്ലാ സഹായങ്ങളും ക്യാമ്പിൽ എത്തിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു. ചെയർമാൻ വി.ഒ പൈലപ്പൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി പോൾ, അഡ്വ.ബിജു ചിറയത്ത്, സി.ശ്രീദേവി, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, സി.എസ് സുരേഷ്, വത്സൻ ചമ്പക്കര, വി.ജെ ജോജി, കെ.എസ് സുനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.