പാവറട്ടി: തിങ്കളാഴ്ച മുതലുള്ള ശക്തമായ മഴയിൽ വെങ്കിടങ്ങ് പഞ്ചായത്തിൽ താഴ്ന്ന റോഡുകളിൽ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. മുല്ലശ്ശേരി പുളിക്കകടവ് പി.ഡബ്ല്യു.ഡി റോഡിൽ സോഡാ വളവിലും പാടൂർ വാണിവിലാസം റോഡിലും വെള്ളക്കെട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ട് മേഖലയാണ് ഈ റോഡ്. പഞ്ചായത്തിലെ 12-ാം വാർഡിലെ പൊതുശ്മശാനം റോഡ്, 16-ാം വാർഡിൽ മഹാത്മാ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മൂന്നാം വാർഡിൽ പാടൂർ ഹൈസ്‌കൂൾ റോഡ്, കാനകളുടെ വീതിക്കുറവും മണ്ണ് യഥാക്രമം എടുക്കാത്ത കാരണങ്ങൾ കൊണ്ടാണ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നത്. റോഡുകൾ നിർമ്മാണം നടത്തുമ്പോൾ ഉയർത്തി നിർമ്മിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു.
മഴ പെയ്താൽ വെങ്കിടങ്ങ് കണ്ണോത്ത് റോഡിൽ വാഹനങ്ങൾ മുങ്ങുന്നത് പതിവായിരിക്കയാണ്. ഇത്തരത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പുതിയ കൾവർട്ട് നിർമ്മിച്ച് തൊയക്കാവ് റോഡിലുള്ള വലിയ കാനയിൽ ബന്ധിപ്പിച്ചാൽ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോഴുള്ള നിലംപതി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കണ്ണോത്ത്-പുല്ല റോഡിന്റെ വർക്കിൽ ഇതുൾപ്പെടുത്തണം. കുന്നത്തുള്ളി റോഡിനടുത്ത് കൾവർട്ടും ഉയർത്തി പണിയണം. തൊയക്കാവ്-മേച്ചരിപ്പടി റോഡിൽ സ്വകാര്യ വ്യക്തിയുടെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലേക്കുള്ള സ്ലാബ് തകർന്ന് തൊയക്കാവ് റോഡിലും വെള്ളക്കെട്ട് രൂക്ഷമായി. കരുവന്തല ചക്കംകണ്ടം റോഡിൽ തൊയക്കാവ് കുരിശുപള്ളി മുതൽ അടാട്ടുകുളം വരെ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.