തൃശൂർ: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ആശങ്കയൊഴിയുന്നില്ല. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ല. അത് കൊണ്ട് തന്നെ എല്ലാ ഡാമുകളിൽ നിന്നും വലിയ തോതിലാണ് ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴക്കി വിടുന്നത്. ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അതിരപ്പിള്ളി,വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ശക്തി കുറഞ്ഞിട്ടില്ല. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. കനത്തമഴ ഏറെ ദുരിതം വിതച്ച ചാലക്കുടിയിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. ചാലക്കുടിയിൽ ഇന്നലെ ഉച്ചയോടെ തന്നെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു. ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളുമുണ്ട്. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം നടന്നുവരുന്നത്. അതേ സമയം നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് അഭയം തേടിയിരിക്കുകയാണ്.
പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലേക്ക് നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പതിനൊന്ന് പേരാണ് ഇവിടെയുള്ളത്.
ചാലക്കുടി മലക്കപ്പാറ സംസ്ഥാന പാതയിൽ പരിയാരം കാഞ്ഞിരപ്പള്ളി ഭാഗത്തു വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടത് പുന:സ്ഥാപിച്ചിട്ടില്ല. കുറുമാലി പുഴയിൽ ആറ്റപ്പിള്ളി കടവിൽ പാലത്തിൽ പുഴയിലൂടെ മരം ഒഴുകി വന്ന് വെള്ളം പൊങ്ങിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുക്കിവിടുന്നതിനാൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാദ്ധ്യതയില്ല.
അഞ്ഞൂറോളം ഏക്കർ നെൽകൃഷി വെള്ളത്തിൽ
ഇന്നലെ ജില്ലയിൽ ലഭിച്ച കനത്ത മഴയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അഞ്ഞൂറോളം ഏക്കർ നെൽകൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്. വാഴാനി ഡാം തുറന്നതോടെ തെക്കുംകര പഞ്ചായത്തിൽ മാത്രം 150 ഏക്കർ നെൽകൃഷി വെള്ളത്തിലാണ്. ദിവസങ്ങൾക്ക് മുമ്പ് വിതച്ച നെൽ വിത്ത് വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒഴുകി പോയി. വീണ്ടും വിത്തിറക്കേണ്ട ഗതികേടിലാണ് കർഷകർ. വാഴാനി ഡാമിന്റെ നാലു ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ഇന്നലെ രാത്രി 9 മണിയോടെ കരുമത്ര, പുന്നംപറമ്പ് റോഡ് വെള്ളത്തിലായി. ഇരുചക്ര വാഹനക്കാരും മറ്റും ഏറെ ബുദ്ധിമുട്ടിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇവിടെ പത്തോളം വീടുകളിൽ വെള്ളം കയറി. കരുമത്രയിൽ മൂന്നു വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. അതേ സമയം ഒരാഴ്ച്ച മുമ്പ് ജലനിരപ്പ് കുറയ്ക്കാൻ കളക്ടർ ഡാം അധികൃതർക്ക് അനുവാദം നൽകിയിട്ടും അത് നടപ്പാക്കിയില്ലെന്ന് ആരോപണം ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നലെ മാത്രം ഒറ്റയടിക്ക് 8 സെന്റി മീറ്റർ ഉയരത്തിൽ ഷട്ടറുകൾ ഉയർത്തേണ്ടി വന്നതാണ് ഇത്രയും ദുരിതത്തിന് ഇടയാക്കിയതെന്നാണ് പരാതി. പീച്ചീയിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. നാലു ഷട്ടറുകൾ തുറന്നിട്ടും സംഭരണ ശേഷിക്ക് ഒപ്പമാണ് ഇപ്പോഴും ജലനിരപ്പ്.