sudheesh
വിളവെടുത്ത കെ.പി.സി.എച്ച്1 സലാഡ് കക്കിരിയുമായി സുധീഷ്

തൃശൂർ:ലക്ഷങ്ങൾ ചെലവുള്ള പോളിഹൗസിൽ കൃഷി ചെയ്യുന്ന സാലഡ് കക്കിരി തുച്ഛമായ ചെലവിൽ പുറം മണ്ണിൽ വിളയിച്ച സുധീഷ് വൻ ലാഭം കൊയ്യുന്നു. ഇരുപത് സെന്റിലെ കൃഷിക്ക് ചെലവ് വെറും 7,000രൂപ. ലാഭം 35,000 രൂപ. പത്ത് സെന്റ് പോളിഹൗസിന് വേണ്ടത് അഞ്ച് ലക്ഷമാണ്. ഇത് ഒഴിവാക്കിയാണ് ചെലവ് കുറച്ചത്.

ആലപ്പുഴ മുഹമ്മ ചാരമംഗലം മധുരഞ്ചേരിയിൽ സുധീഷ് (28) പി.എസ്.സി കോച്ചിംഗിനിടെയാണ് പരീക്ഷണത്തിനിറങ്ങിയത്. കാർഷിക സർവകലാശാല വികസിപ്പിച്ച അത്യുത്പാദന ശേഷിയുള്ള കടുംപച്ച നിറമുള്ള സലാഡ് കുക്കുംബറാണ് കൃഷി ചെയ്‌തത്. പാർത്തനോകാർപ്പിക്ക് ഹൈബ്രിഡ് കെ.പി.സി.എച്ച് 1എന്ന ഇനമാണിത്. പരാഗണം കൂടാതെ കായ്‌ക്കും. സർവകലാശാലാ വിദഗ്ദ്ധർ സാങ്കേതിക സഹായം നൽകി.

 10 സെന്റിന് 1000 വിത്ത്

 ഒരു വിത്തിന് ഒരു രൂപ

 സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത് 5 രൂപ

വിളവ്

 20 സെന്റിൽ 1200 കിലോ

 ലഭിച്ച വില 35 - 40 രൂപ (കിലോ)
 ചെലവ് 7,000 രൂപ

 ലാഭം 35,000 രൂപ (ശരാശരി 35 രൂപ)

 വിളവെടുപ്പിന് 40 ദിവസം

 എവിടെയും ഹിറ്റ്

തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, യു.പി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ വിത്തിന് വൻ ഡിമാൻഡാണ്. കേരളത്തിൽ തൃശൂരിലും ആലപ്പുഴയിലുമാണ് ഡിമാൻഡ്.

 ഉപയോഗം

ഉത്തരേന്ത്യയിലാണ് പ്രിയം കൂടുതൽ. ഡയറ്റിംഗിൽ പ്രധാനം. പ്രമേഹത്തിനും ദഹനത്തിനും നല്ലത്. ഔഷധ, സൗന്ദര്യവർദ്ധകവസ്തു നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

'സുധീഷിന്റെ ശ്രമം മാതൃകാപരമാണ്. ഫെബ്രുവരി വരെ ഇവിടെ കൃഷി തുടരാം. മാർച്ച് മുതൽ ജൂൺ വരെ, അധികം ചൂടും മഴയുമുള്ളപ്പോൾ പറ്റില്ല".

- ഡോ. ടി. പ്രദീപ്കുമാർ, പ്രൊഫ ആൻഡ് ഹെഡ് വെജിറ്റബിൾ സയൻസ് വിഭാഗം, കാർഷിക സർവകലാശാല.