കൊടകര: രണ്ട് വർഷത്തോളമായി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സിമന്റ്, ഇഷ്ടിക നിർമ്മാണ യൂണിറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് 17 കുടുംബങ്ങൾ രംഗത്തെത്തി. കൊടകര പൊലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയപാത പെരിങ്ങാംകുളത്ത് പ്രവർത്തിക്കുന്ന ഇഷ്ടിക നിർമ്മാണ യൂണിറ്റാണ് പരിസരവാസികളുടെ സൈര്യജീവിതം കെടുത്തുന്നത്.
ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം വലിയതോതിൽ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതായും ഇഷ്ടിക നിർമ്മിക്കാനുപയോഗിക്കുന്ന കമ്പ്രസർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവും സഹിക്കാവുന്നതിലും കൂടുതലാണെന്നും ഇവർ പറയുന്നു.
ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ സമീപവാസി മാർഗശ്ശേരി വിശ്വംഭരന്റെ വീടിന്റെ ടെറസിൽ വിള്ളലുകൾ രൂപപ്പെട്ടു. വീടിന്റെ സൺഷൈഡുകൾ പൊളിഞ്ഞ് വീണ് തുടങ്ങി. വീട്ടുമുറ്റത്തെ കിണറിന്റെ അടി ഭാഗം ഇടിയാനും തുടങ്ങി. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഏഴര മീറ്റർ മാത്രം അകലത്തിലാണ് ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം.
ആലുവ കിഴക്കമ്പലം സ്വദേശിയുടെതാണ് സ്ഥാപനം. നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിശ്വംഭരൻ പറഞ്ഞു. അവസാനമായി 17 കുടുംബങ്ങൾ ഒപ്പിട്ട് ജൂലൈ 27ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്. നിയമ നടപടിയുണ്ടാകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകാനാണ് കുടുംബങ്ങളുടെ തീരുമാനം.
പരാതി പരിഗണിച്ച് കൊടകര പഞ്ചായത്ത് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ സ്വാധീനിച്ച് കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സ്ഥാപനം ലൈസൻസ് സ്വന്തമാക്കി.
വിശ്വംഭരൻ (പരിസരവാസി)