ശക്തമായ മഴയിൽ തകർന്ന് വീണ വെട്ടേക്കാട്ട് വിജയന്റെ ഓടിട്ട വീട്.
ചാവക്കാട്: പുന്നയൂരിൽ ശക്തമായ മഴയിൽ ആൾത്താമസമില്ലാത്ത വീട് തകർന്ന് വീണു. പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയിനി ബീച്ച് റോഡിൽ താമസിക്കുന്ന വെട്ടേക്കാട്ട് വിജയന്റെ ഓടിട്ട ഒറ്റനില വീടാണ് തകർന്ന് വീണത്. ചൊവ്വാഴ്ച്ച കാലത്ത് ഉണ്ടായ ശക്തമായ മഴയിലാണ് വീട് തകർന്നത്. ഓടിന് മുകളിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ചിരുന്നെങ്കിലും വീടിനുള്ളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി ചോർച്ച അനുഭവപ്പെട്ടിരുന്നു. നിത്യരോഗികളായ ഭാര്യയും മകളുമടങ്ങിയ വിജയന്റെ കുടുംബം ഭാരിച്ച ചെലവ് മൂലം വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതിനാൽ ബന്ധുവീട്ടിലാണ് താമസം.