പാവറട്ടി: തോരാമഴയോടൊപ്പം കേച്ചേരി പുഴ കരകവിഞ്ഞൊഴുകിയതും കെ.എൽ.സി.സി സ്ലൂയിസ് കനാലിൽ നിന്ന് വെള്ളം തള്ളിയതും മൂലം തോളൂർ കൃഷിഭവന് കീഴിൽ കൃഷി ആരംഭിച്ച പടവുകളിൽ നെൽകൃഷി വെള്ളത്തിനടിയിലായി. 420 ഏക്കറിലെ 5 മുതൽ 25 ദിവസം വരെ പ്രായമായ വിതയും ഞാറ്റടികളുമാണ് ശക്തമായ മഴയിൽ മുങ്ങിയത്. നിലമൊരുക്കലും കുമ്മായ പ്രയോഗവും വിതയുമടക്കം പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കർഷകർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. ഇരുപ്പൂ കൃഷി ഉൾപ്പെടെ മുന്നിൽ കണ്ട് കർഷകർ ഇത്തവണ നേരത്തെ കൃഷി ആരംഭിച്ചിരുന്നു. കെ.എൽ.ഡി.സി കനാൽ കഴ തളളി പെട്ടിപറ മോട്ടോർ ഷെഡ് ഉൾപ്പെടെ തകർന്ന പോന്നോർ താഴംപടവിൽ 200 ഏക്കർ വിതയും ഞാറ്റടിയും വെള്ളത്തിലായി. കഴ താത്കാലികമായി കെട്ടി നിർത്തുന്നതിനുള്ള കഠിന ശ്രമത്തിലാണ് പടവ് ഭാരവാഹികൾ. തോരാമഴയും സാധന സാമഗ്രികൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഈ പ്രവൃത്തികളെ തടസപ്പെടുത്തുന്നുണ്ട്.
കേച്ചേരി പുഴ കരകവിഞ്ഞൊഴുകി എടക്കളത്തൂർ പടിഞ്ഞാറേപാടം, വളകുളം, മേഞ്ചിറ, ചെല്ലി പാടം, കൂടണി പള്ള്യാടം, ചാലക്കൽ, സംഘം കോൾ നോർത്ത്പടവ് പടവുകളിലെ നെൽക്കൃഷിയും വെള്ളത്തിനടിയിലായി. കൃഷി നശിച്ച പടവുകൾ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീല രാമകൃഷ്ണൻ, ടി.ഡി വിൽസൻ, സി.എ സന്തോഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.സന്ധ്യ, പുഴയ്ക്കൽ കൃഷി അസി. ഡയറക്ടർ പി.ഉണ്ണിരാജൻ, കൃഷി ഓഫീസർ കെ.വി വിനേഷ് കുമാർ, കൃഷി അസിസ്റ്റന്റ് ഇ.ബി ലുധിഷ്, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതരും എന്നിവർ സന്ദർശിച്ചു. വെള്ളം ഒഴിയുന്ന മുറയ്ക്ക് പടവുകളിൽ വീണ്ടും കൃഷിയിറക്കുന്നതിന് സൗജന്യ വിത്ത് ലഭ്യമാക്കുന്നതടക്കമുള്ള സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.