പാവറട്ടി: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് തൃശൂർ
ജില്ലാ കോൾ കർഷക സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡബിൾ കോളിന്റെ ഭാഗമായി മുണ്ടകൻ കടുംകൃഷി ഇറക്കുന്നതിനായി നൽകിയ വിത്ത് മുളയ്ക്കാത്തത് മൂലം കർഷകർക്ക് വലിയ നഷ്ടമുണ്ടായി. രണ്ടാമത് വിതരണം ചെയ്ത വിത്ത് വിതക്കുന്നതിനും ഞാറ് പാകുന്നതിനും കൃഷിക്കാർ തയ്യാറായപ്പോൾ കാലവർഷക്കെടുതി നേരിടേണ്ടി വന്നു. മഴയിൽ കോൾ പടവുകൾ മുങ്ങിയതോടെ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഈ സാഹചര്യത്തിൽ കർഷകർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയും രാസവളങ്ങളുടെ വർദ്ധിച്ച വില നിയന്ത്രിക്കുന്നതിനും വളങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ്, ജില്ലാ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദും ജനറൽ സെക്രട്ടറി എൻ.കെ സുബ്രഹ്മണ്യനും ആവശ്യപ്പെട്ടു.