തൃശൂർ: കളഞ്ഞ് കിട്ടിയ 27000 രൂപയടങ്ങുന്ന കവർ ഉടമസ്ഥന് നൽകാനായി സ്റ്റേഷനിലേൽപ്പിച്ച വീട്ടമ്മയ്ക്ക് നെടുപുഴ പൊലീസിന്റെ ആദരം. ഒക്ടോബർ ഏഴിന് വൈകീട്ടാണ് കണിമംഗലം സ്വദേശിനി ചെങ്ങാട്ട് ശെൽവരാജിന്റെ ഭാര്യ ബിന്ദുവിന് നഴ്‌സറിയിലെ കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ വലിയാലുക്കൽ മെയിൻ റോഡിൽ നിന്നും പണം ലഭിച്ചത്. നെടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണിമംഗലത്തുള്ള കരിപ്പോട്ടിൽ ബാബുരാജിന്റെതാണ് പണമെന്ന് മനസ്സിലായി. തൃശൂർ എ.സി.പി വി.കെ രാജുവിന്റെ സാന്നിദ്ധ്യത്തിൽ ബിന്ദു പണം ബാബുരാജിന് കൈമാറി. എ.സി.പി ബിന്ദുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇൻസ്‌പെക്ടർ ടി.ജി ദിലീപ്, സബ് ഇൻസ്‌പെക്ടർമാരായ ബൈജു, അനിൽ തുടങ്ങി സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളും പങ്കെടുത്തു.