നഗരത്തിലെ ആംബുലൻസ് ഡ്രൈവർമാരടങ്ങുന്ന കൂട്ടായ്മ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ.
കുന്നംകുളം: പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി സ്വകാര്യ കമ്പനി റോഡുകളിൽ കുഴിച്ചിട്ടുള്ള കുഴികൾ യാത്രക്കാർക്ക് മരണ കെണികളാകുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ നിസംഗതക്കെതിരെ നഗരത്തിലെ ആംബുലൻസ് ഡ്രൈവർമാരടങ്ങുന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴ നട്ട്, റീത്ത് വച്ച് പ്രതിഷേധിച്ചു. ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ ഈ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. നിരവധി തവണ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടികളുമുണ്ടായില്ല. സ്ഥിരം അപകടങ്ങൾ സംഭവിക്കുന്ന കുഴികൾ മണ്ണിട്ട് മൂടുകയും മറ്റും ചെയ്ത് വ്യത്യസ്തമാർന്ന സമര പരിപാടിയാണ് നഗരത്തിലെ ആംബുലൻസ് ഡ്രൈവർമാരടങ്ങുന്ന കൂട്ടായ്മ സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ ലെബീബ് ഹസ്സൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ആംബുലൻസുകളുടെ ഡ്രൈവർമാരായ ഇ.റസാഖ്, എം.ബി ജിബിറ്റ്, പ്രശോബ് ദാസ്, ടി.എസ് സുരേഷ്, എം.ഡി ധീരജ്, വി.വി വിഷ്ണു, അതുൽ കെ.ബാബു, പി.കെ സഞ്ജിത്, മുഹമ്മദ് നാസിം, അനറ്റ് പി.ഷാജു, പി.എ അസ്ലം, എ.എം കണ്ണൻ, സി.എ സൽമാൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.