news-photo

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്ന്.

ഗുരുവായൂർ: വിജയദശമി ദിനത്തിൽ നൂറുകണക്കിന് കുരുന്നുകൾ അക്ഷരമധുരം നുകർന്ന് അറിവിന്റെ ലോകത്തേയ്ക്ക് പിച്ച വച്ചു. മമ്മിയൂർ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തലിന് മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികരായി. രാവിലെ എട്ടരയോടെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജുകൾക്ക് ശേഷമായിരുന്നു എഴുത്തിനിരുത്തൽ. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ പ്രസാദ ഊട്ട് പാർസലായി ഭക്തർക്ക് വിതരണം ചെയ്തു. നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച ക്ഷേത്രം നടരാജ മണ്ഡപത്തിൽ നടന്ന പഞ്ചരത്‌ന കീർത്തനാലാപനത്തിൽ പുന്നയൂർക്കുളം രമേശ്, പയ്യന്നൂർ കെ.വി ജഗദീശൻ, ജയറാം തിരുവില്വാമല, പ്രകാശ് കുമാർ ഒറ്റപ്പാലം, ശാകംബരി കേശവൻ കോട്ടക്കൽ, ആദിത്യദേവ് പുന്നയൂർക്കുളം എന്നിവർ പാടി. ആദർശ് അജയകുമാർ (വയലിൻ), വിഷ്ണു ചിന്താമണി (മൃദംഗം) എന്നിവർ പിന്നണിയൊരുക്കി. ഇന്നലെ വൈകീട്ട് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച സീതാസ്വയംവരം കഥകളി അരങ്ങേറി. ചൊവ്വല്ലൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ, പൂജിച്ച സാരസ്വതം നെയ് വിതരണം, ഭജന, സ്‌ത്രോത പാരായണം എന്നിവയുണ്ടായി. വൈകീട്ട് ദശലക്ഷ ദീപോത്സവത്തിന് തിരി തെളിക്കാൻ നിരവധിപേരെത്തി. തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മേൽശാന്തി ഭാസ്‌ക്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ, നിറമാല, ചുറ്റുവിളക്ക്, കോട്ടപ്പടി സന്തോഷ് മാരാരുടെ തായമ്പക, കിഴക്കേകര ദേവീദാസന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവയുണ്ടായി.