ബസ് സ്റ്റാന്റ് റോഡിലെ കുഴിയിൽ വീണ് ബസ് ചരിഞ്ഞപ്പോൾ.
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡിലെ കുഴിയിൽ വീണ ബസ്സിന്റെ ഒരു ഭാഗം ചരിഞ്ഞു. കുന്നംകുളം-പട്ടാമ്പി റൂട്ടിലോടുന്ന ശ്രീദേവി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സ്റ്റാൻഡിൽ നിന്നും ബസ് റോഡിലേക്ക് കയറിയതോടെ ഒരുവശം കുഴിയിൽ വീണ് ചെരിയുകയായിരുന്നു. ഇതോടെ ബസിന്റെ ഒരു വശം പൂർണമായും താഴ്ന്നു. യാത്രക്കാർ പേടിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ഒരു മണിയോടെ ക്രയിൻ എത്തിയാണ് ബസ് കുഴിയിൽ നിന്നും എടുത്ത് മാറ്റിയത്.
കുളങ്ങൾക്ക് സമാനമായാണ് ഈ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയിൽ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ നിരവധി തവണ നഗരസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞാൽ വീതി കൂട്ടി റോഡ് ഉന്നത നിലവാരത്തിലാക്കുമെന്ന് എ.സി എം.എൽ.എ മൊയ്തീൻ അറിയിച്ചിരുന്നു. ജെ.സി.ബി ഉപയോഗിച്ച് റോഡ് വീതി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ആദ്യമുണ്ടായെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. റോഡിലെ കുഴികൾ അടയ്ക്കാൻ ആവശ്യമായ നടപടി നഗരസഭ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലുക്കൽ തുടങ്ങിയവർ അറിയിച്ചു