road

കൊടുങ്ങല്ലൂരിലെ ഫയർ സ്റ്റേഷൻ റോഡ്

കൊടുങ്ങല്ലൂർ: അത്യാഹിതങ്ങളിൽ അതിവേഗം എത്തിച്ചേരേണ്ട അഗ്‌നിരക്ഷാ സേനക്ക് തടസമായി റോഡിൽ അതിരൂക്ഷ വെള്ളക്കെട്ട്. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ഫയർ സ്റ്റേഷൻ റോഡാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. കാൽനട യാത്രക്കു പോലും അസാധ്യമായ നിലയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.

റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് പന്തലിച്ച നിലയിലാണ്. ഇതോടെ പ്രദേശം ഇഴജന്തുക്കളുടെയും മറ്റും വിഹാര കേന്ദ്രമായി മാറി. പരിസരവാസികളുടെ വീടുകളിലേക്ക് ഇഴജന്തുക്കൾ എത്തുന്നത് നിത്യ സംഭവമാണിവിടെ. പ്രദേശത്തെ തണ്ണീർതടങ്ങളും പാടശേഖരങ്ങളും നികത്തപ്പെട്ടതോടെ മറ്റ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞാലും ഇവിടെ വെള്ളം ഒഴിഞ്ഞ് പോവാത്ത അവസ്ഥയാണ്. വെള്ളം നിറച്ച് പോകുന്ന രക്ഷാസേനയുടെ വാഹനങ്ങൾ റോഡിൽ താഴ്ന്നു പോകുന്നതും പതിവാണ്. ഒരു മഴ പെയ്താൽ പോലും സമീപത്തെ പുനരധിവാസ കോളനിയിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. ഈ റോഡിന്റെ ഒരു വശം എട്ടാം വാർഡും മറുവശം ഒൻപതാം വാർഡുമാണ്.

റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പുല്ലുറ്റ് ഉഴുവത്തുകടവ് ശാഖാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ നിന്നും പ്രവേശിക്കുന്ന ഫയർ സ്റ്റേഷൻ റോഡിന്റെ ഇരുവശവും കാന കെട്ടി വെള്ളം കനോലി കനാലിലേക്ക് ഒഴുക്കിവിടണം. എന്നാൽ മാത്രമെ റോഡിന്റെ തകർച്ചക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ

- നാട്ടുകാർ