ചാലക്കുടി: കൊരട്ടി മുത്തിയുടെ തിരുനാളിന് പൊലീസ് പൂവ്വൻകുലകൾ സമർപ്പിച്ചു. കൊരട്ടിയിൽ പതിറ്റാണ്ടുകളായി നടന്ന് വരുന്ന ആചാരമാണിത്. 15 കുലകളാണ് ഇക്കുറി സമർപ്പിച്ചത്. വികാരി ഫാ. ജോസ് ഇടശേരി ഏറ്റുവാങ്ങി. എസ്.എച്ച്.ഒ ബി.കെ അരുൺ, പ്രിൻസിപ്പൽ എസ്.ഐ ഷാജു എടത്താടൻ, എസ്.ഐമാരായ എം.വി തോമസ്, ഷിബു പോൾ, എ.എസ്.ഐ ജെയ്‌സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂവൻ കുലകൾ എത്തിച്ചത്. ശനി,ഞായർ ദിവസങ്ങളിലാണ് പ്രധാന തിരുനാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആഢംബരമില്ലാതെ തിരുനാൾ ചടങ്ങുകൾ നടക്കുക. മുത്തിയുടെ തിരുസ്വരൂപം പുറത്തേയ്ക്ക് എഴുന്നിള്ളിക്കില്ല. പൂവൻകുല തൊട്ട് വണങ്ങാൻ ആരെയും അനുവദിക്കില്ല. ഒരേസമയം നിശ്ചിത ആളുകളെ മാത്രമെ പള്ളിയങ്കണത്തിലേക്ക് കടത്തി വിടുകയുള്ളു. കുർബാനകളിലും 40 പേർക്കാണ് അനുമതി. പൊലീസിന്റെ കർക്കശമായ നിരീക്ഷണവും പള്ളിയിലുണ്ടാകും.