aiyf

തൃശൂർ: സവർണ സാമ്പത്തിക സംവരണത്തെ ചൊല്ലി സി.പി.ഐ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സമ്മേളനത്തിൽ ബഹളം. വിവിധ മണ്ഡല കമ്മിറ്റികൾ പ്രമേയം നൽകിയെങ്കിലും അവതരിപ്പിക്കാൻ അനുമതി നൽകാതെ തടഞ്ഞു. ഇതേ തുടർന്ന് നേതാക്കളും പ്രതിനിധികളും തമ്മിൽ വാക്കേറ്റം വരെയെത്തി. പ്രമേയം ദേശീയ കമ്മിറ്റിക്ക് വിടുന്നതായി നേതാക്കൾ സമ്മേളനത്തെ അറിയിക്കുകയായിരുന്നു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസാദ് പറേരിയെ സെക്രട്ടറിയായും എ.എസ് ബിനോയിയെ പ്രസിഡന്റായും തിരഞ്ഞെടുത്തു. ജില്ലയിൽ ഒട്ടുമിക്ക മണ്ഡലം കമ്മിറ്റികളിലും സംവരണ വിഷയം പ്രമേയമായി അവതരിപ്പിച്ചിരുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ജില്ലാ സമ്മേളനത്തിൽ പ്രമേയം എത്താതിരിക്കാൻ നേതാക്കൾ ഇടപെട്ടിരുന്നുവെങ്കിലും മണ്ഡലം കമ്മിറ്റികൾ നിർദ്ദേശം തള്ളി. രണ്ട് നാളായി തൃശൂരിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കൊവിഡ് സാഹചര്യത്തിൽ പ്രതിനിധികളുടെ എണ്ണം കുറച്ചായിരുന്നു സമ്മേളനം. ജില്ലയിയിലെ സി.പി.ഐ. ശക്തികേന്ദ്രമായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഔദ്യോഗിക പ്രമേയമായി തന്നെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്ന പ്രമേയം അവതരിപ്പിക്കപ്പെടുകയായിരുന്നു. പ്രമേയം ഐക്യകണ്ഠ്യേന പാസാക്കപ്പെട്ടിരുന്നു. ജില്ലാ സമ്മേളനത്തിൽ കൊടുങ്ങല്ലൂരിനെ കൂടാതെ നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, ചേലക്കര തുടങ്ങിയ മണ്ഡം കമ്മിറ്റികളിലെ പ്രതിനിധികളും സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകിയിരുന്നു. എന്നാൽ പ്രമേയക്കമ്മിറ്റി പ്രമേയം വായിക്കാൻ തയ്യാറായില്ല. പ്രമേയം വോട്ടിനിടണമെന്നും അത് സമ്മേളനത്തിന്റെ വികാരമാണെന്നും പറഞ്ഞ് പ്രതിനിധികൾ ബഹളം വച്ചു. വോട്ടെടുപ്പു നടന്നാൽ പ്രമേയം പാസാകുമായിരുന്നുവെന്ന് ഉറപ്പാണെന്ന് പ്രതിനിധികൾ അവകാശപ്പെട്ടു. ഇതോടെ പ്രമേയം തള്ളിയിട്ടില്ല എന്നും ഭരണഘടനാ ഭേദഗതി ദേശീയ വിഷയമായതിനാൽ ദേശീയ സമ്മേളനത്തിന് റഫർ ചെയ്യുകയാണ് എന്നും വിശദീകരണം നൽകി പ്രസീഡിയം കൈകഴുകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്റ് സജിലാൽ തുടങ്ങി സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിട്ടും സംസ്ഥാന അഭിപ്രായം പ്രകടിപ്പിച്ചില്ല. മന്ത്രി കെ.രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ, ജില്ലാ അസി.സെക്രട്ടറി ടി.ആർ.രമേഷ്‌കുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, എം.സ്വർണലത, എ.ആർ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.