കരുപ്പടന്ന ഗോതുരുത്ത് ദ്വീപ് പാലം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽ കുമാർ തുടങ്ങിയവർ.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം - വെള്ളാങ്കല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരൂപ്പടന്ന ഗോതുരുത്ത് ദ്വീപ് പാലത്തിന്റെ നിർമ്മാണത്തിന് വേഗത കൂട്ടാൻ ഉന്നതതല യോഗം ചേർന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലം കണ്ടെത്തുന്നതിനും സ്ഥല ഉടമകളുമായി ചർച്ച ചെയ്യുന്നതിനും വെള്ളാങ്കല്ലൂർ പഞ്ചായത്ത് ഭരണ സമിതിയെ കൊടുങ്ങല്ലൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല അടിയന്തരയോഗം ചുമതലപ്പെടുത്തി.
ശ്രീനാരായണപുരം പഞ്ചായത്തിൽ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സ്ഥല ഉടമകളുമായി നിലവിൽ ധാരണയായിട്ടുണ്ട്. 13.96 കോടി രൂപയുടേതാണ് പദ്ധതി. യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, വി.ആർ. സുനിൽ കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല വിജയകുമാർ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ വാർഡ് അംഗങ്ങൾ, വെള്ളാങ്കല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, പ്രൊജക്ട് ഓഫീസർ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.