ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ നഗരസഭ വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കും. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ നട ജംഗ്ഷൻ കഴിഞ്ഞ് ചാവക്കാട് റോഡിലെ ഒഴിഞ്ഞ സ്ഥലം, കെ.എസ്.ആർ.ടി.സി യ്ക്ക് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം, മഞ്ചിറ റോഡിൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന് സമീപം, പടിഞ്ഞാറെനട ഇന്നർ റോഡിൽ രാജവത്സത്തിന് എതിർവശം എന്നിവിടങ്ങളിലാണ് പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. ചെറിയ നിരക്കിൽ ഫീസ് ഈടാക്കിയായിരിക്കും വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുക. നിലവിൽ കിഴക്കേനടയിലും തെക്കേ നടയിലുമാണ് പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങളുള്ളത്. അതുകൊണ്ട് പടിഞ്ഞാറെനടയിൽ ആളനക്കമില്ലാത്ത സ്ഥിതിയാണ്. ഇത് വ്യാപാരികൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തെക്കേനടയിൽ പാഞ്ചജന്യം അനക്‌സിന്റെ പിന്നിലുള്ള ദേവസ്വം പാർക്കിംഗ് കേന്ദ്രം തുറക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഗുരുവായൂർ ടെമ്പിൾ സി.ഐ പ്രേമാനന്ദകൃഷ്ണൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ മുരളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.