ചാലക്കുടി: കനത്ത മഴയിൽ നഗരസഭയിലെ കോട്ടാറ്റ് തോട്ടവീഥി പ്രദേശത്ത് തോട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. പുഴയോട് ചേർന്നുള്ള ഭാഗത്തെ മണ്ണാണ് ആഗാധമായ താഴ്ചയിലേക്ക് ഇടിഞ്ഞ് വീണത്. ഇതുമൂലം സമീപത്തെ പത്തോളം വീടുകൾ നിലനിൽപ്പ് ഭീഷണിയിലുമായി. പറയൻതോട്ടിലൂടെ കനത്ത വെള്ളപ്പാച്ചലുണ്ടായതാണ് മണ്ണിടിച്ചിലിന് കാരണം. റോഡിനോട് ചേർന്നുള്ള മരങ്ങളും മണ്ണിടിച്ചിലിൽ കടപുഴകി വീണു. പറയൻതോടിന്റെ ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമായി നടത്താത്തതാണ് തോട്ടിൽ നിന്നും വെള്ളം കരകവിഞ്ഞൊഴുകാനും അടിഭാഗത്തെ മണ്ണൊലിപ്പിനും ഇടയാക്കിയത്. ചാലക്കുടി നഗരസഭയും ആളൂർ പഞ്ചായത്തും അതാത് അതിർത്തികളിൽ പറയൻതോടിന്റെ ശുചീകരണം നടത്തിയെങ്കിലും മാള പഞ്ചായത്തതിർത്തിയിൽ ഉൾപ്പെടുന്ന പറയൻതോടിന്റെ ഭാഗത്ത് അറ്റകുറ്റ പണികളുണ്ടായില്ല. ഇതാണ് തോടിന്റെ ഗതിമാറ്റത്തിന് കാരണമായത്.
ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത്് പുഴയ്ക്ക് സമാനമായ തോടും മഴക്കാലത്ത് വലിയ തോതിലാണ് ഇടിയുന്നതെന്ന് സമീപവാസി എടയാട്ടിൽ ബാബു ബാബു പറഞ്ഞു. ഇവിടുത്തെ റോഡും പരിസരത്തുള്ള വീടുകളും അപകടാവസ്ഥയിലാണെന്നും തോടിന്റെ ഇടിഞ്ഞ ഭാഗം എത്രയും കെട്ടി സംരക്ഷിക്കണമെന്ന് വാർഡ് കൗൺസിലർ ജോർജ്ജ് തോമസ് പറഞ്ഞു. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.