ചാവക്കാട്: നവംബർ ഒന്ന് മുതൽ ചാവക്കാട് നഗരസഭയിൽ വാതിൽപടി സേവന പദ്ധതി ആരംഭിക്കാൻ കൗൺസിൽ യോഗ തീരുമാനം. കിടപ്പ് രോഗികളുൾപ്പെടെ അശരണർക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് വാതിൽപടി സേവനം. സർക്കാർ സേവനങ്ങൾ യഥാസമയം ലഭിക്കാത്തവർക്ക് സേവനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം, അടിയന്തര ഘട്ടത്തിൽ മരുന്നുകൾ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ വീടുകളിൽ എത്തിച്ച് നൽകുക. ജില്ലയിൽ ചാവക്കാട്, കുന്നംകുളം നഗരസഭകളും ചേർപ്പ് പഞ്ചായത്തുമുൾപ്പെടെ മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വഴിയോര കച്ചവടക്കാരുടെ സർവേ നടത്തി ഉണ്ടാക്കിയ ലിസ്റ്റ് പുനപരിശോധിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി.