കുന്നംകുളം: കുട്ടിശാസ്ത്രജ്ഞന് പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആദരവ്. ബഥനി സെന്റ് ജോൺസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയ അഭിനവിനെയാണ് പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ലോകത്തെ പിടിച്ചുകെട്ടിയ കൊവിഡ് മഹാമാരി അഭിനവ് എന്ന കൊച്ചുശാസ്ത്രത്തിന്റെ പിറവിക്ക് കാരണമായി. പഠനം കഴിഞ്ഞുള്ള സമയത്ത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ വസ്തുക്കൾ നിർമ്മിക്കുകയായിരുന്നു അഭിനവിന്റെ വിനോദം. ബാറ്ററിയും വയറും ഘടിപ്പിച്ച് മിക്സിയും എ.ടി.എം മെഷീൻ പോലുള്ള വ്യത്യസ്തങ്ങളായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അഭിനവ് നിർമ്മിച്ചു. പേപ്പർ ക്രാ്ര്രഫിലും മികച്ച പ്രകടനമാണ് ഈ കൊച്ചുമിടുക്കൻ കാഴ്ചവച്ചത്. ടൂറിസ്റ്റ് ബസ്, വീട്, പേഴ്സ്, കുട്ട അങ്ങനെ 50ൽപരം ഉത്പ്പന്നങ്ങളാണ് പേപ്പർ ഉപയോഗിച്ച് നിർമ്മിച്ചത്.
പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ബഥനി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം എ. സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ അനിഷ് ഉലഹന്നാൻ അദ്ധ്യക്ഷനായി. ബഥനി ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ ഫാ. പത്രോസ് ഒ.ഐ.സി മുഖ്യപ്രഭാഷണം നടത്തി. ഡോ. സരിത സജീവ് മുഖ്യാതിഥിയായി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ്, ബഥനി സ്‌കൂൾ മാനേജർ ഫാ. ബെഞ്ചമീൻ ഒ.ഐ.സി, പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോഓർഡിനേറ്റർ ജയപ്രകാശ് കേച്ചേരി തുടങ്ങിയവർ സംസാരിച്ചു.