ചാലക്കുടി: ചാലക്കുടിപ്പുഴയിലെ അപ്രതീക്ഷിത മലവെള്ളപ്പാച്ചൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ടി.ജെ സനീഷ്‌കുമാർ എം.എൽ.എ. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളും സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പറമ്പിക്കുളത്ത് നിന്നും ചെറിയ തോതിലാണ് വെള്ളം വിടുന്നത്. കൂടുതൽ വെള്ളം എത്തിയാലും ഇത് ഉൾക്കൊള്ളാൻ പൊരിങ്ങൽക്കുത്ത് ഡാമിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാട് ജലസേചന വകുപ്പ് അപ്രതീക്ഷിതമായാണ് ഡാം തുറന്നിട്ടതെന്നും എം.എൽ.എ വ്യക്തമാക്കി. മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ റവന്യു, പൊലീസ് അടക്കം എല്ലാ വിഭാഗങ്ങളും അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.