പുന്നയൂർക്കുളം: അണ്ടത്തോട് സബ് റജിസ്ട്രാർ ഓഫീസിന് സമീപത്തെ സ്റ്റാമ്പ് വെണ്ടർ ഓഫീസ് പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമാകാറുമ്പോൾ പുന്നയൂർക്കുളം പഞ്ചായത്തിലുള്ളവർക്ക് മുദ്രപത്രങ്ങൾ കിട്ടാക്കനിയാകുന്നു. മുദ്രപത്രം ലഭിക്കണമെങ്കിൽ പുന്നയൂരോ, വടക്കേകാട് പഞ്ചായത്ത് അതിർത്തിയിലെ അഞ്ഞൂരോ പോകേണ്ട അവസ്ഥയാണ്. പുന്നയൂർക്കുളം പഞ്ചായത്തിലെ തീരമേഖലയിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവിടെ നിന്ന് അഞ്ഞൂരുള്ള സ്റ്റാമ്പ് വെണ്ടർ സ്ഥാപനത്തിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്. പുന്നയൂരിലേക്കാണേൽ ഇവിടെ നിന്ന് ബസ് സർവീസുമില്ല. 50 രൂപയുടെ മുദ്രപത്രത്തിന് 200 രൂപ ഓട്ടോ വാടക നൽകേണ്ട ഗതികേടാണ്. വലിയ തുകയ്ക്കുള്ള റജിസ്ട്രേഷനുള്ള മുദ്രപത്രം ആധാരമെഴുത്ത് കേന്ദ്രങ്ങൾ തന്നെ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ചെറിയ വിലയുടെ മുദ്രപത്രമാണ് ലഭ്യമല്ലാത്തത്. ലൈഫ് മിഷൻ പദ്ധതി, പഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങൾ, കരാറുകൾ എന്നിവയ്ക്കുള്ള 100, 200 രൂപയ്ക്കുള്ള മുദ്രപത്രങ്ങൾ ആവശ്യക്കാർ തന്നെ വാങ്ങണം. ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാത്തതിനാൽ വലിയ സംഖ്യയുടെ വാങ്ങാനും നിർബന്ധിതമാകുന്നുണ്ട്. ചെറിയ തുകയുടെ പത്രങ്ങൾ അടുത്ത ദിവസം ലഭിക്കാൻ വീണ്ടും പോകേണ്ട യാത്രാ ചെലവ് കാരണം കിട്ടിയ തുകയുടെ പത്രങ്ങൾ വാങ്ങുകയാണ് ആവശ്യക്കാർ. പഞ്ചായത്ത് പദ്ധതികളുടെ ഗുണഭോക്താക്കളായ സാധാരണക്കാരാണ് സ്റ്റാമ്പ് വെണ്ടർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ പേറുന്നത്.