anathalavattom-anandan

തൃശൂർ: സഹകരണ മേഖലയെ സംരക്ഷിക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ശത്രുക്കൾക്ക് സഹായകമാകും വിധമുള്ള പ്രവൃത്തികൾ സഹകരണ ജീവനക്കാരിൽ നിന്ന് ഉണ്ടാകരുതെന്നും തെറ്റ് ചെയ്താൽ മുഖം നോക്കാതെ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പൊതുസമ്പത്ത് വിൽക്കുകയാണ്. നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിൽ കള്ളപ്പണമെന്ന പ്രചരണം നടത്തി നിക്ഷേപകരിൽ ഭീതി സൃഷ്ടിച്ചു. കേരളത്തിൽ ഇത് ചെറുക്കാനായെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.എം. വാഹിദ അദ്ധ്യക്ഷയായി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ സഹകരണ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതിന് ട്രേഡ് യൂണിയൻ പ്രഭാഷണം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഭാഷണം നടത്തും. സമ്മേളനം വൈകിട്ട് സമാപിക്കും.