കാഞ്ഞാണി: കോൾ പാടശേഖരങ്ങളിലെ ചാലുകളുടെ ബണ്ടുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി ആക്ഷേപം. ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലങ്ങളിലാണ് മദ്യപ സംഘങ്ങളുൾപ്പടെയുള്ളവർ കേന്ദ്രീകരിക്കുന്നത്. കാറുകളിലും ഇരു ചക്രവാഹനങ്ങളിലുമായി ഇവിടെയെത്തുന്ന സംഘങ്ങൾ മദ്യ കുപ്പികൾ ചെറുകാടുകളിലും കോൾ പാടശേഖരങ്ങളിലും തല്ലി പൊട്ടിച്ച് ഇടുന്നതും പതിവായിട്ടുണ്ട്.
ചെളിനിറഞ്ഞ കോൾ പാടങ്ങളിലേക്ക് അലക്ഷ്യമായി കുപ്പികൾ വലിച്ചെറിയുന്നവരും കുറവല്ല. പാടശേഖരങ്ങൾ പൂട്ടുന്നതിന് ട്രാക്ടർ ഇറങ്ങുമ്പോൾ ഈ കുപ്പികൾ തകരുകയും, പിന്നീട് ഇവിടെ ജോലിക്കെത്തുന്ന തൊഴിലാളികളുടെ കാലിൽ കുപ്പിച്ചില്ലുകൾ തറച്ച് അപകടം ഉണ്ടാകുന്ന സ്ഥിതിയുമാണ്.
താന്ന്യം, ചാഴൂർ, ആലപ്പാട്, പുള്ള്, അന്തിക്കാട്, മണലൂർ, അരിമ്പൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം കോൾ പാടശേഖരങ്ങളിലും ഇത്തരം സാമൂഹിക ദ്രോഹികളുടെ വിളയാട്ടമുണ്ടന്ന് കർഷകർ പറയുന്നു. പൊലീസിന്റെ പട്രോളിംഗ് ജീപ്പുകൾ ഇവിടിങ്ങളിലേക്ക് എത്തുന്നില്ലെന്ന പരാതിയും കർഷകർ ഉയർത്തുന്നുണ്ട്. അന്തിക്കാട്, പാവറട്ടി, പൊലീസ് അധികാരികൾ ഈ പ്രശ്‌നം ഗൗരവമായി കാണണമെന്നും ബൈക്ക് പട്രോളിംഗ് കോൾ ബണ്ടുകളിലേക്ക് വ്യാപിപ്പിക്കണമെന്നും കർഷകർ ആവശ്യംപ്പെട്ടു.