കൊടുങ്ങല്ലൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ട് ഭീഷണി ഏറ്റവും കൂടുതൽ ബാധിക്കുന്ന എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിൽ ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതർ നടത്തിയിട്ടുണ്ട്. മഴയും മറ്റ് കാലവർഷക്കെടുതികളും മൂലമുണ്ടാകുന്ന ഏത് പ്രതിസന്ധിയും നേരിടുന്നതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് തഹസിൽദാർ കെ. രേവ പറഞ്ഞു. പൊലീസ്, അഗ്‌നിരക്ഷാ സേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം ജാഗരൂകരാണ്. താലൂക്കിൽ ഇതുവരെയായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടപ്പുറം പുഴയിലും പുല്ലൂറ്റ് കനോലി കനാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരുന്തോട്‌ വലിയതോടും നിറഞ്ഞ നിലയിലാണ്. വേലിയേറ്റ സമയങ്ങളിൽ കടലേറ്റമുണ്ടെങ്കിലും ശക്തമല്ലാത്തതിനാൽ വലിയ തോതിൽ വെള്ളം കയറിയിട്ടില്ല.