കൊടുങ്ങല്ലൂർ: മഴക്കെടുതിയെ നേരിടാൻ അഴീക്കോട് തീരദേശം രക്ഷാദൗത്യവുമായി ബന്ധപ്പെട്ട യോഗം നടന്നു. മത്സ്യതൊഴിലാളികൾ സജ്ജരായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഫിഷറീസും, അഴീക്കോട് കോസ്റ്റൽ പൊലീസും, കടലോര ജാഗ്രതാ സമിതിയും വളണ്ടിയർമാരുടെ യോഗം വിളിച്ചു ചേർത്തു.
കേരളത്തിന്റെ ഏത് പ്രദേശത്തും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി മുപ്പത് വഞ്ചികൾ, ഏഴ് ആംബുലൻസ്, ആറ് ഡിങ്കി, രണ്ട് ടോറസ്, രണ്ട് ജെ.സി.ബി എന്നിവ സജ്ജീകരിച്ചതായും, രക്ഷാ പ്രവർത്തനത്തിനുള്ള മറ്റ് സാമഗ്രികളും, ഇന്ധനച്ചെലവും സർക്കാർ വകുപ്പുകളിൽ നിന്നും ലഭ്യമാക്കാനും തീരുമാനമായി. കോസ്റ്റൽ സി.ഐ സി. ബിനു ഉദ്ഘാടനം ചെയ്തു.
എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കിർ, ജാഗ്രതാ അഴീക്കോടിന്റെ വളണ്ടിയർ ക്യാപ്ടൻ ഹാരിസ്, സിദ്ധിക്ക് മാലിൽ, ആനന്ദൻ, പി.കെ ബക്കർ, മുഹമ്മദ് റാഫി, റാഫി പൊയ്‌ലുങ്ങൽ, എസ്.ഐ. അൻസിൽ, അഷറഫ് പൂവ്വത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.