പുതുക്കാട്: കനത്ത മഴയിൽ കല്ലൂർ-കള്ളായി റോഡിൽ അയ്യങ്കോട് വെള്ളം കയറി. റോഡരികിലെ കാനകൾ നിറഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറിയത്. കല്ലൂർ പള്ളം കോളനിയിലും വെള്ളം കയറി. 12 കുടുംബങ്ങളെ കല്ലൂർ എ.എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര മൈത്രി നഗറിലും ചിറ്റിശ്ശേരി മേമ്പിള്ളി പാടത്തും വെള്ളം കയറി. ഇവിടങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നെന്മണിക്കരയിൽ വെള്ളം കയറിയ പ്രദേശങ്ങൾ ജില്ലാ കളക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.