നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി, കനോലി കനാൽ കരകവിഞ്ഞു
കയ്പമംഗലം: കനത്ത മഴയിൽ തീരദേശം വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളും, ഉൾനാടൻ റോഡുകളും വെള്ളക്കെട്ടിലായി. വൈകീട്ടോടെ കനോലി കനാൽ കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. എടത്തിരുത്തി അയ്യൻപടി കോളനി, സിറാജ് നഗർ, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, ചളിങ്ങാട് പാലിയം ചിറ, കാക്കാത്തിരുത്തി, പെരിഞ്ഞനം കോവിലകം, കുറ്റിലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
ചെന്ത്രാപ്പിന്നിയിൽ തോടുകൾ കവിഞ്ഞ് ദേശീയ പാതയിലൂടെയാണ് വെള്ളമൊഴുകുന്നത്. ചെന്ത്രാപ്പിന്നി വായനശാല റോഡ്, ഹൈസ്‌കൂൾ റോഡ്, ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ് റോഡ്, കാളമുറി ചളിങ്ങാട് റോഡ്, ഏറാക്കൽ റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
കയ്പമംഗലം എൽ.ബി.എസ് കോളനി, സെറ്റിൽമെന്റ് കോളനി എന്നിവടങ്ങളിൽ മുഴുവൻ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചില വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തുള്ളവർ ബന്ധുവീടുകളിലേക്കും, ദുരിതാശ്വാസ ക്യാമ്പിലേക്കും മാറി. കയ്പമംഗലം പഞ്ചായത്തിൽ കാക്കാത്തിരുത്തി മദ്രസയിലും, പള്ളിനട ആർ.സി.യു.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
28 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. എടത്തിരുത്തി പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. രണ്ട് കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, യു.വൈ ഷെമീർ, വി.ബി ഷെഫീഖ്, ഇസ്ഹാക്ക് പുഴങ്കരയില്ലത്ത് തുടങ്ങിയവർ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.