തൃശൂർ: തെക്കുംകര പഞ്ചായത്തിന്റെ അധീനതയിലുള്ള കരുമത്ര താമരകുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം വരടൻ ചിറയിലെ അറുപത് ഏക്കറോളം നെൽകൃഷി നാശത്തിന്റെ വക്കിൽ. നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. കുളത്തിൽ നിന്ന് തോട്ടിലേക്ക് വെള്ളം ഒഴുകി പോകുന്ന സ്ഥലത്ത് ഷട്ടർ സ്ഥാപിക്കുന്നതിന് പകരം കോൺക്രീറ്റ് ബീം നിർമ്മിച്ചതാണ് ഒഴുക്ക് തടസപ്പെടാൻ ഇടയാക്കിയത്. ഇതോടെ വാഴാനി ഡാമിന്റെ ഷട്ടർ ചെറിയ അളവിൽ പോലും തുറന്നാൽ പാടശേഖരത്തിൽ വെള്ളം ഉയരുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഒരാഴ്ച്ചക്കുള്ളിൽ രണ്ട് തവണയാണ് പാടശേഖരത്തിൽ വെള്ളം കയറിയത്. ആഴ്ച്ചകൾ മാത്രം പ്രായമുള്ള നെൽച്ചെടികളാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. കൂടാതെ കുളത്തിന് സമീപമുള്ള വീടുകളിലേക്കും വെള്ളം കയറുന്നുണ്ട്. ഇന്നലെ വൈകിട്ട് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ പ്രദേശങ്ങളിൽ വെള്ളം ഉയരുകയായിരുന്നു. ഇതോടെ നാട്ടുകാർ രംഗത്ത് എത്തി. സംഭവമറിഞ്ഞ് ഒന്നാം വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, രണ്ടാം വാർഡ് മെമ്പർ പി.എസ്.റഫീക് എന്നിവർ സ്ഥലത്തെത്തുകയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ വിവരം അറിയിക്കുകയും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീന്ദ്രൻ, രാധകൃഷ്ണൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തുകയും ജെ.സി.ബി ഉപയോഗിച്ച് കോൺക്രീറ്റ് ബീമിന്റെ ഒരു ഭാഗം പൊളിച്ചു. എന്നാൽ വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം പൂർണ്ണമായി പൊളിച്ച് മാറ്റാൻ സാധിച്ചില്ല. വെള്ളം താഴുന്നതോടെ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പരാതിക്കാരനെ അഞ്ച് മിനുട്ടിനുള്ളിൽ
തിരിച്ചു വിളിച്ച് കളക്ടർ
കരുമത്ര വരടൻചിറ പാടശേഖരത്തിലെ വെള്ളക്കെട്ടും വീടുകൾക്കുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടറുടെ മൊബൈലിലേക്ക് നൽകിയ വാട്‌സാപ്പ് സന്ദേശത്തിന് അഞ്ച് മിനിട്ടിനുള്ളിൽ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെള്ളക്കെട്ട് സംബന്ധിച്ച് ജില്ലാ കളക്ടർ ഹരിതയ്ക്ക് വാട്‌സാപ്പിലൂടെ പരാതി നൽകിയത്. ഉടൻ കളക്ടറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമിൽ നിന്ന് പരാതിക്കാരനായ കരുമത്ര സ്വദേശി കെ.ശ്രീദാസിനെ വിളിക്കുകയും കളക്ടർ ഹരിത.വി.കുമാർ വിവരം ആരായുകയും ചെയ്തു. വിഷയം ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കാമെന്നും കളക്ടർ ഉറപ്പ് നൽകി. പിന്നീട് വാർഡ് മെമ്പർ പി.എസ്.റഫീക്കും ജില്ലാ കളക്ടറെ വിളിച്ച് വിഷയം അവതരിപ്പിച്ചിരുന്നു.