കുന്നംകുളം: ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും വേണ്ടിയുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ പ്രവർത്തനത്തിന് തുടക്കമാകുന്നു. മണലിയിൽ സജ്ജമാക്കിയ കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണം കേച്ചേരി അനുഗ പാലസിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി ജോസ് അധ്യക്ഷനായി. ആസൂത്രണ സമിതി അംഗം വത്സൻ പാറന്നൂർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.വി വല്ലഭൻ, സുനിത ഉണ്ണികൃഷ്ണൻ, വി.പി ലീല, ഹസനുൽ ബന്ന, ബിന്ദു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെയാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും യോജിപ്പിച്ച് പൂമുറ്റം എന്ന പേരിൽ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ ആസൂത്രണം ചെയ്ത പദ്ധതി കൊവിഡ് സാഹചര്യത്തിൽ നീളുകയായിരുന്നു.