കുന്നംകുളം: ചൂണ്ടൽപ്പാടത്ത് വെള്ളക്കെട്ടിനെത്തുടർന്ന് ഗതാഗതം നിലച്ചുവെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടുവെന്ന വാർത്ത വീഡിയോ സഹിതമാണ് ചിലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണം ശക്തമായതോടെ ചൂണ്ടൽ പഞ്ചായത്ത് ഓഫീസിലേക്കും മറ്റ് സർക്കാർ ഓഫീസുകളിലേക്കും നിരവധി ഫോൺ കോളുകളാണ് വരുന്നത്. 2018 ലെ പ്രളയ സമയത്ത് ചൂണ്ടൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്തുണ്ടായ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളാണ് വാർത്തക്കൊപ്പമുള്ളത്. ഇത്തവണ തൂവാന്നൂർ ആര്യഫാമിന്റെ ഭാഗത്ത് മാത്രമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. എന്നാൽ വാഹന ഗതാഗതത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യമുണ്ടായില്ല. ചൂണ്ടൽ പഞ്ചായത്ത് അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടസ്സങ്ങൾ മാറ്റിയതോടെ വെള്ളം ഒഴിഞ്ഞ് പോകുകയും ചെയ്തിരുന്നു. എന്നാൽ സമൂഹ മാദ്ധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിക്കുന്നതിനാൽ ഇത് വഴി യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും ആശയക്കുഴപ്പത്തിലായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്ന് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ ആവശ്യപ്പെട്ടു.