ചാലക്കുടി: ഷൊളയാർ ഡാം തുറന്നെങ്കിലും ക്രമാതീതമായി ജലനിരപ്പുയരാതെ ചാലക്കുടിപ്പുഴ. തിങ്കളാഴ്ച രാത്രി 7ലെ ജലനിരപ്പ് 4.75 മീറ്ററാണെങ്കിലും ആശങ്ക വേണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എങ്കിലും രാത്രി മഴയുണ്ടാകുമെന്ന് കണക്കൂട്ടലിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകരുതലും കൈക്കൊണ്ടു.
രാവിലെ പത്തരയോടെയാണ് ഷോളയാറിലെ ഷട്ടർ ഒരടി തുറന്നത്. മൂന്നാം നമ്പർ ഗേറ്റിൽ നിന്നും സെക്കന്റിൽ 800 ഘനയടി വെള്ളമാണ് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുക്കുന്നത്. നേരത്തെ മൂന്ന് അടിവെള്ളം തുറക്കാനായിരുന്നു തീരുമാനം. എന്നാൽ കാലാവസ്ഥയിൽ ഗുതരാവസ്ഥ ഒഴിഞ്ഞതിനെതുടർന്ന് കൂടുതൽ വെള്ളം വിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാത്രി ഒരടി വെള്ളം കൂടി തുറക്കാനിടയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ എമർജിൻസി ഗേറ്റ് തുറക്കേണ്ടന്നാണ് തീരുമാനം. അതിനാൽ ചാലക്കുടിപ്പുഴയിലെ ജലവിതാനം അൽപ്പം ഉയരാനെ സാദ്ധ്യതയുള്ളു. രാവിലെ മുതൽ പദ്ധതി പ്രദേശത്തും നഗരത്തിലും തെളിഞ്ഞ അന്തരീക്ഷമായത് ജനങ്ങൾക്ക് ആശ്വാസമായി.
എങ്കിലും ജില്ലാ കളക്ടറുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 64 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങിലേക്ക് മാറ്റിയിട്ടുണ്ട്. പരിയാരം പഞ്ചായത്തിലെ മംഗലം കോളനിയിൽ നിന്നും 18 വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അർച്ചനപാടത്ത് നിന്ന് നാല് വീട്ടുകാരേയും പരിയാരം സ്‌കൂളിലെ ക്യാമ്പിലെത്തിച്ചു. മൊത്തം 76 ആളുകൾ ക്യാമ്പിലുണ്ട്. മേലൂരിലെ എരുമത്തടം കോളനിയിൽ നിന്ന് 23ഉം ശാന്തിപുരത്തെ 19 ഉം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലാക്കി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കാഞ്ഞിരപ്പിള്ളി കോളനിയിലെ എട്ട് കുടുംബങ്ങളെ നേരത്തെ കൊന്നക്കുഴി സ്‌കൂൾ ഹാളിലേക്ക് മാറ്റിയിരുന്നു.
നഗരപ്രദേശത്ത് തിങ്കളാഴ്ച പകൽ മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായതാണ് അങ്കലാപ്പിന് താത്ക്കാലികമായെങ്കിലും അറുതി വരുത്തിയത്. ഇതിനിടെ പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും പെരിങ്ങൽക്കുത്തിലേക്ക് എത്തുന്നുണ്ട്. പദ്ധതി പ്രദേശങ്ങളിൽ പകൽ മഴയ്ക്ക് ശമനമുണ്ടായതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. ഇനിയും മഴ കനത്താൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ടി.ജെ സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ റവന്യു ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പുഴയിൽ ഏത് സമയത്തും വെള്ളം കൂടിയാൽ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന് നഗരസഭാ അധികൃതർ സജ്ജമാണെന്ന് ആറാട്ടുകടവിലെത്തിയ ചെയർമാൻ വി.ഒ പൈലപ്പൻ പറഞ്ഞു.