പെരിങ്ങോട്ടുകര: സോണിയ കോൺഗ്രസ് കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും യു.ഡി.എഫിന് ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും പി.സി ചാക്കോ. എൻ.സി.പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പെരിങ്ങോട്ടുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ധർമ്മരാജൻ പൊറ്റെക്കാട്ട് അദ്ധ്യക്ഷനായി. മികച്ച ആശാ പ്രവർത്തകയായി തിരഞ്ഞെടുത്ത ഷീബ രാമചന്ദ്രൻ, നാഷണൽ ഫോറൻസിക് യൂണിവേഴ്‌സിറ്റി ഓൾ ഇന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഇരുപതാം റാങ്ക് കരസ്ഥമാക്കിയ സുനിമ മുഹമ്മദ്, പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ പി.എം വിഷ്ണു എന്നിവരെ ആദരിച്ചു. എൻ.സി.പി സംസ്ഥാന ഭാരവാഹികളായ പി.കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ്, എ.വി വല്ലഭൻ, സി.ഐ സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി. അഡ്വ. രഘു കെ. മാരാത്ത്, സി.എൽ ജോയ്, ഇ.എ ദിനമണി, യു.കെ ഗോപാലൻ എന്നിവർ സംസാരിച്ചു.