sivaraman-veed
എടത്തിരുത്തി മധുരംപുള്ളി തുപ്രാടൻ ശിവരാമന്റെ വീട് വെള്ളം കയറിയ നിലയിൽ.

കയ്പമംഗലം: മഴ മാറിനിന്നെങ്കിലും വെള്ളക്കെട്ടൊഴിയാതെ തീരദേശം. ഞായറാഴ്ച പെയ്ത മഴയിലാണ് തീരദേശം വെള്ളക്കെട്ടിലായത്. കനോലി കനാലിൽ ജലനിരപ്പ് ഉയർന്ന് കര കവിഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ രാവിലെ മുതൽ മഴ കുറഞ്ഞെങ്കിലും കനോലി കനാലിൽ വെള്ളമുയർന്നു. പുഴയോട് ചേർന്ന പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. എടത്തിരുത്തി സിറാജ് നഗർ, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, മധുരംപുള്ളി, കാക്കാത്തിരുത്തി എൽ.ബി.എസ് കോളനി, പാലിയം ചിറ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഈ പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 48 പേരും, കാക്കാത്തിരുത്തി മദ്രസയിൽ ആറ് കുടുംബങ്ങളിൽ നിന്നായി 17 പേരുമാണ് ക്യാമ്പിലുള്ളത്. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ പറഞ്ഞു.