കൊടുങ്ങല്ലൂർ: ജില്ലയ്ക്കകത്തും പുറത്തുമുള്ള അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂരിലെ തീരദേശവാസികൾക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. കേരള ഷോളയാർ ഡാം തുറക്കുന്നത് ചാലക്കുടിപ്പുഴയിലെയും അതുവഴി കനോലി കനാൽ, കാത്തിരപ്പുഴ എന്നിവിടങ്ങളിലെയും ജലനിരപ്പ് ഉയരാൻ ഇടയാക്കുന്ന സാഹചര്യത്തിലാണ് കാഞ്ഞിരപ്പുഴക്ക് നടുവിലുള്ള വലിയ പണിക്കൻ തുരുത്ത് ഉൾപ്പെടെയുള്ള ഇടങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്.
പെരിയാറിന്റെ കൈവഴിയായതിനാൽ തെക്കൻ ജില്ലകളിലെ ജലനിരപ്പ് കാഞ്ഞിരപ്പുഴയിലും ചലനം സൃഷ്ടിക്കും. വെള്ളത്താൽ ചുറ്റപ്പെട്ട വലിയ പണിക്കൻ തുരുത്ത് എന്ന വി.പി തുരുത്ത് പ്രളയഭീഷണി നേരിടുന്ന പ്രദേശമാണ്. 2004ലെ സുനാമിയിലും, 2018ലെ പ്രളയത്തിലും തുരുത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയിരുന്നു.
നഗരസഭാ ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർ വി.പി തുരുത്ത് സന്ദർശിച്ചു. നഗരസഭാ പ്രദേശത്ത് നിലവിൽ ആശങ്കക്കിടയില്ലെന്നും, ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി സന്നദ്ധ പ്രവർത്തകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശം നൽകി.