കൊടുങ്ങല്ലൂർ: കൊവിഡ് കാലത്ത് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിന് ഒരു വയസ്. 19ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ജില്ലയിലെ ആദ്യത്തെ ബോണ്ട് ബസായ കൊടുങ്ങല്ലൂർ - തൃശൂർ സർവീസ്. സ്ഥിരം യാത്രക്കാർക്ക് വേണ്ടിയാണ് 2020 ഒക്ടോബർ 19ന് സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ യാത്രക്കാരുടെ എണ്ണം പരിമിതമായിരുന്നുെവെങ്കിലും വൈകാതെ ഹൗസ്ഫുള്ളായി.
നിലവിൽ കണ്ടക്ടറുടെ സീറ്റ് പോലും യാത്രക്കാർ കയ്യടക്കിയിരിക്കുകയാണ്. തിരക്കുപിടിച്ച യാത്രക്കിടയിലും വിശേഷ ദിവസങ്ങൾ ആഘോഷിക്കാൻ യാത്രക്കാരും ജീവനക്കാരും സമയം കണ്ടെത്താറുണ്ട്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കും മടക്കയാത്രയ്ക്കുമായി ദിവസം 130 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പാസ്സെടുക്കാനുള്ള സൗകര്യം യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും യാത്ര സുരക്ഷിതത്വം സർവീസിനെ യാത്രാ സൗഹൃദമാക്കി മാറ്റുന്നത്.