mmmm

കനത്ത മഴയിൽ തകർന്ന തെക്കൂട്ട് ലളിതയുടെ വീട്.


അരിമ്പൂർ: കനത്ത മഴയിൽ അരിമ്പൂർ പഞ്ചായത്തിൽ ഒരു വീട് തകർന്നു. മറ്റൊരു വീട് തകർച്ച ഭീഷണിയിൽ. അരിമ്പൂർ പഞ്ചായത്ത് 14-ാം വാർഡ് മാധവൻ റോഡിൽ താമസിക്കുന്ന തെക്കൂട്ട് വീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ലളിത (54) യുടെ വീടാണ് തകർന്നത്. അയൽവാസി തെക്കൂട്ട് പരേതനായ ഉണ്ണിച്ചെക്കന്റെ ഭാര്യ കമല (80) ന്റെ വീട് ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ ലളിത അടുക്കളയിൽ പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അടുക്കള ചുമർ നിലം പൊത്തിയത്. ഓടി മാറിയതിനാലാണ് അപകടത്തിൽ നിന്ന് ലളിത രക്ഷപെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ കാറ്റിൽ കമലയുടെ വീടിന്റെ ഓടുകൾ പറന്ന് പോവുകയും പട്ടികകൾ ഒടിയുകയും ചെയ്തതോടെ മഴവെള്ളം മുഴുവനും വീടിനകത്ത് വീഴുന്ന സ്ഥിതിയാണ്.