പാവറട്ടി: കിഴക്കേ അതിർത്തിയായ കേച്ചേരി പുഴയിലെ തടസങ്ങൾ മേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്നും അവ അടിയന്തരമായി നീക്കണമെന്നും കാക്കത്തുരുത്ത് നിവാസികൾ. വാഴാനി ഡാമിൽ നിന്നും ഒഴുകിവരുന്ന വെള്ളം കേച്ചേരിപ്പുഴയിലൂടെയാണ് കെ.എൽ.ഡി.സി കനാലിലേക്ക് എത്തുന്നത്. പുഴയിൽ എളവള്ളി അതിർത്തി ആരംഭിക്കുന്ന പുരന്തര ഭാഗത്ത് വലിയ പാറക്കെട്ട് നീരൊഴുക്കിന് തടസ്സമായി നിൽക്കുകയാണ്. നിരവധി മൺതിട്ടകളും കൈതക്കാടുകളും പുഴയിൽ തടസം സൃഷ്ടിക്കുന്നുണ്ട്. അവ അടിയന്തരമായി നീക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടാൻ എം.എൽ.എ.യുടെ നിർദ്ദേശപ്രകാരം എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇറിഗേഷൻ മന്ത്രിയുമായി ബന്ധപ്പെട്ട് കേച്ചേരി പുഴയിലെ തടസങ്ങൾ നീക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് തുരുത്തിലെത്തിയ മുരളി പെരുനെല്ലി എം.എൽ.എ ഉറപ്പ് നൽകി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ ടെൻഡർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും എം.എൽ.എ അറിയിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് എം.എൽ.എ.ക്കൊപ്പം ഉണ്ടായിരുന്നു.