കയ്പമംഗലം: കൊവിഡ് കാലത്ത് അദ്ധ്യാപകരെയും വിദ്യാലയങ്ങളെയും കാണാതെ ഓൺലൈൻ ക്ലാസിലിരിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 'കുഞ്ഞുങ്ങൾക്കൊപ്പം' പദ്ധതി ആരംഭിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഞ്ചേന്ദ്രീയ പരിശീലനം, കഥ ചൊല്ലൽ, പാട്ട് പാടൽ, ക്രാഫ്റ്റ് നിർമ്മാണം എന്നിവയിലുള്ള പരിശീലനമാണ് നൽകുക. കൊവിഡ് കാലഘട്ടത്തിൽ വീടുകൾ ക്ലാസ് മുറികളായപ്പോൾ അദ്ധ്യാപകരെ നേരിൽ കാണാതെ വിദ്യ അഭ്യസിക്കുന്ന കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ അദ്ധ്യാപകരായി മാറും.

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി.എൽ.പി സ്‌കൂളിൽ 24ന് വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ. ബിന്ദു നിർവഹിക്കും. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് നിഖിൽ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ,​ ടി.എസ് സജീവൻ,​ എം. രാഗിണി, ടി.എൻ തിലകൻ, അഡ്വ. വി.കെ ജ്യോതി പ്രകാശ്, അനിൽ കാട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.