ചാലക്കുടി: വെള്ളപ്പൊക്ക ഭീഷണിയുടെ ദിനങ്ങൾ പിന്നിട്ടതിന്റെ ആശ്വാസത്തിലാണ് ചാലക്കുടിയിലെ ജനങ്ങൾ. എന്നാൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുന്നത് ഭീഷണിയായി തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തെ പുഴയിലെ ജലനിരപ്പ് 3 മീറ്ററാണ്. കഴിഞ്ഞ ദിവസം ഇത് 4.75 ആയിരുന്നു. പറമ്പിക്കുളത്ത് നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട് പ്രളയ ഭീഷണി വരുത്തിവച്ച ഒക്ടോബർ 12ലെ ജലത്തിന്റെ അളവ് 7.15 മീറ്ററിലുമെത്തി. തിങ്കളാഴ്ച മുതൽ പദ്ധതി പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായത് നിലനിന്ന കനത്ത ആശങ്കയ്ക്ക് ശമനം വരുത്തി. രണ്ട് ദിവസമായി മലഭാഗങ്ങളിലും നാട്ടിൻ പ്രദേശങ്ങളിലും വെയിൽ കാണുന്നുണ്ട്. പെരിങ്ങൽക്കുത്തിലെ ഇന്നലത്തെ ജലനിരപ്പ് 419.65 മീറ്ററാണ്. ഇപ്പോഴും സ്ലൂയിസ് വാൽവ് തുറന്നിട്ടിരിക്കുകയാണ്. ഷോളയാർ ഡാമിലും ഒരു ഷട്ടർ ഒരടി തുറന്നു വച്ചിരിക്കുന്നു. പറമ്പിക്കുളം ഡാമിൽ നിന്ന് പെരിങ്ങൽക്കുത്തിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 1200 ഘനയടി ആക്കി കുറച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി ഒഴിവായ സാഹചര്യത്തിൽ ഷോളയാറിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടണമെന്നാണ് പുഴ സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ഇത്തരം നിർദ്ദേശം അവർ മുന്നോട്ട് വയ്ക്കുന്നത്. ജലസംഭരണികൾ നിറഞ്ഞ് കിടക്കുന്നതിനിടെ വരും ദിവസങ്ങളിൽ മഴ കനത്താൽ പ്രശ്‌നങ്ങൾ ആവർത്തിക്കുമെന്നാണ് ആശങ്ക. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തിതുടങ്ങി. നഗരസഭാ പ്രദേശത്ത് എട്ടിടങ്ങളിൽ ദുതരിതാശ്വാസ ക്യാമ്പിനായി ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.