പാവറട്ടി: എളവള്ളി, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തൻകുന്നിന്റെ ഭാഗങ്ങൾ ഇടിഞ്ഞ് വീണു. കല്ലുവെട്ടിയ വലിയ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സിന്റെ നേതൃത്വത്തിൽ കെ.ഡി വിഷ്ണു, എൻ.ബി.ജയ, ടി.സി മോഹനൻ, സെക്രട്ടറി തോമസ് രാജൻ, ബാങ്ക് ഡയറക്ടർ കെ.പി രാജു, പി.പി മോഹനൻ, പി.സി ബിജു എന്നിവരടങ്ങുന്ന സംഘം കുന്ന് സന്ദർശിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സമീപത്തെ മണ്ണ് ഇടിഞ്ഞ് വീണത്.
വർഷങ്ങൾക്ക് മുമ്പ് പോത്തൻകുന്ന് പ്രദേശത്ത് വലിയ ചെങ്കൽമടയായിരുന്നു. പ്രദേശവാസികൾ എതിർത്തതോടെയാണ് കല്ലുവെട്ടൽ നിർത്തിയത്. 30 മീറ്റർ താഴ്ചയിലാണ് കല്ല് വെട്ടി നീക്കിയിട്ടുള്ളത്. അടിഭാഗത്തെ മഞ്ഞയും കറുപ്പും നിറമുള്ള മണ്ണ് മഴ മൂലം നനഞ്ഞ് കുതിർന്ന അവസ്ഥയിലാണ്. കുന്നിന്റെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സംഘത്തെ നിയമിക്കുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെടും. മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുമായി കൂടിയാലോചിച്ച് റവന്യൂ, പൊലീസ്, ജിയോളജി, മൈനിംഗ് ഉദ്യോഗസ്ഥരുടെയും കണ്ടാണശ്ശേരി, എളവള്ളി ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ചു തത്ഥസ്ഥിതി തരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് പറഞ്ഞു.