ചാലക്കുടി: ഗർഭാലസ്യത്തിലോ മദ്യ ലഹരിയിലോ ആയിരുന്നിരിക്കാം, എണ്ണപ്പനത്തോട്ടത്തിൽ കിടന്ന് ഒരു പിടിയാന വിശ്രമിച്ചത്. അതിനെ പരിചരിക്കാനടുത്ത തോട്ടം തൊഴിലാളികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കും. ഇന്നലെ ഉച്ചയോടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തിലായിരുന്നു സംഭവം.
രാവിലെ ജോലിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ കണ്ടത് ദൂരെക്കിടക്കുന്ന ആനയെയാണ്. ഏറെ നേരം കഴിഞ്ഞിട്ടും അനങ്ങാതെ കിടന്നപ്പോൾ ചരിഞ്ഞതാണെന്നായി സംശയം. പിന്നെയും ഏറെനേരം പരിസരത്ത് തമ്പടിച്ച അവർ മെല്ലെ അടുത്തേയ്ക്ക് നീങ്ങി. വാലനങ്ങുന്നത് കണ്ടപ്പോൾ ജീവനുണ്ടെന്ന് ബോദ്ധ്യമായി.
എഴുന്നേൽക്കാൻ കഴിയാത്തത് കാലിന് സംഭവിച്ച പരിക്കാണെന്ന നിഗമനവുമായി. ധൈര്യം സംഭരിച്ച് ആനയുടെ അടുത്തേയ്ക്ക് നീങ്ങി. അപ്പോഴാണ് ആനയുടെ തനിനിറം അറിഞ്ഞത്. എഴുന്നേറ്റ പിടിയാന തൊഴിലാളികൾ നിന്നിടത്തും നിന്നും എതിർദിശയിലേക്ക് ഓടി. ഇതോടെ രക്ഷകരായി ചെന്നവർ തിരിഞ്ഞോടി. ആന ഓടിയില്ലായിരുന്നെങ്കിൽ തോട്ടത്തിൽ പണിക്കിറങ്ങിയ തൊഴിലാളികൾക്ക് മുട്ടൻ പണി കിട്ടുമായിരുന്നു.
ഗർഭമുള്ള ആനയാണിതെന്ന് പറയുന്നു. അതിന്റെ ആലസ്യത്തിലാണ് മണിക്കൂറുകൾ തോട്ടത്തിൽ വിശ്രമിച്ചതെന്നാണ് നിഗമനം. അതല്ല, മറ്റെവിടെയെങ്കിലും ചാരായ നിർമ്മാണത്തിന് തയ്യാറാക്കിയ വാഷ് അകത്താക്കിയതാണോ മയക്കത്തിന് കാരണമെന്നും കിംവദന്തിയുണ്ട്.