thamarakulam

തൃശൂർ: തെക്കുംകര പഞ്ചായത്തിലെ അറുപതോളം ഏക്കർ കൃഷി വെള്ളത്തിലാകാൻ ഇടയാക്കിയ കരുമത്ര താമരകുളം പുനരുദ്ധാരണ പ്രവർത്തനത്തിലെ അശാസ്ത്രീയത നീക്കമെന്നാവശ്യപ്പെട്ട് രാഷട്രീയ പാർട്ടികൾ സമരരംഗത്ത്. വാഴാനി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടാൽ വെള്ളം ഒഴുകി പോകുന്ന കുളത്തിന്റെ ചാലിന്റെ വീതി കുറച്ച് കോൺക്രീറ്റ് ബീം നിർമ്മിച്ച് ഒഴുക്ക് തടസപ്പെട്ടതോടെ വരടൻ ചിറയിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങുകയും പ്രദേശ വാസികളുടെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. കുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം തീർക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് താമരകുളത്തിന് ചുറ്റും ബി.ജെ.പി പ്രതിഷേധ ജ്വാല തെളിയിക്കും. ജില്ലാ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.സി.ജോൺ അദ്ധ്യക്ഷത വഹിക്കും. മണ്ഡലം പ്രസിഡന്റ് കെ.എൻ.വിനയകുമാർ,എസ്.രാജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വനി കണ്ണൻ, ഐശ്വര്യ ഉണ്ണി, രാജീവൻ തടത്തിൽ,കെ.ശ്രീദാസ്, പി.സുരേഷ് കുമാർ, ജ്യോതീകൃഷ്ണ എന്നിവർ സംസാരിക്കും. നാളെ രാവിലെ പത്തിന് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറപ്പുറം സെന്ററിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. വാർഡംഗം പി.എസ്.റഫീഖ് സംസാരിക്കും. ഡി.സി.സി സെക്രട്ടറി രവി ജോസ് താണിക്കൽ ഉദ്ഘാടനം ചെയ്യും. വിനോദ് മാടവന അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ദിവസം ഡാമിലെ വെള്ളം ഉയർന്നപ്പോൾ പ്രദേശത്ത് വെള്ളം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ സംഘടിക്കുകയും ജില്ലാ കളക്ടർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് ഭാഗികമായി പൊളിച്ചിരുന്നു. എന്നാൽ പൂർണ്ണമായി കോൺക്രീറ്റ് ബീം പൊളിച്ച് ഷട്ടർ സ്ഥാപിക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് ധനസഹായം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.