nalvar
നഫീസത്ത് ബീവി, ശ്രുതി, മുഈനുദ്ദീൻ, കൃഷ്ണകുമാർ എന്നിവർ

തൃശൂർ: വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചിയും അക്ഷര സൗഹൃദവും വളർത്താനായി 'എഴുത്തിരുത്തം' പരിപാടിയുമായി സുഹൃത്തുക്കളും കവികളുമായ നാൽവർ സംഘം. കൊവിഡിനെത്തുടർന്ന് നിറുത്തിയ പടിപാടി സ്കൂൾ തുറക്കുമ്പോൾ പുന:രാരംഭിക്കും. നാൽവർ സംഘത്തിൻ്റെ ചങ്ങാത്തമാണ് ജില്ലയ്ക്കകത്തും പുറത്തും ക്ലാസുകൾ നടത്താൻ പ്രചോദനം. പ്രതിഫലം ചാേദിക്കാറില്ല. യാത്രാചെലവ് ലഭിച്ചാൽ അതുകൊണ്ട് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും.

കൊടുങ്ങല്ലൂർ, ചാവക്കാട് സ്വദേശികളായ നഫീസത്ത് ബീവി, ശ്രുതി കെ.എസ്, കെ.എസ്. കൃഷ്ണകുമാർ, അഹ്മദ് മുഈനുദ്ദീൻ എന്നിവരാണ് എഴുത്തിരുത്തത്തിൻ്റെ സാരഥികൾ. കവിത കോർത്തിണക്കിയ ഇവരുടെ സൗഹൃദക്കൂട്ടിലൂടെ ഇപ്പോൾ 'നാൽവഴികൾ' എന്ന കവിതാസമാഹാരവും പുറത്തിറങ്ങി.

നഫീസത്ത് ബീവിയും കൃഷ്ണകുമാറും അദ്ധ്യാപകരാണ്. മാദ്ധ്യമപ്രവർത്തകയും ഗവേഷകയുമാണ് ശ്രുതി. മുഈനുദ്ദീൻ വിദേശത്തായിരുന്നു. മുഈനുദ്ദീനാണ് നാൽവർ സംഘത്തെ കണ്ണി ചേർത്തത്. കഥ, കവിത, ജീവിതം, പെൺകുട്ടികളുടെ സുരക്ഷ, പ്രതിരാേധം എന്നീ വിഷയങ്ങളിലാണ് സ്കൂളുകളിൽ ചെന്ന് ക്ലാസെടുക്കുക. ഡിജിറ്റൽ കാലത്ത് കുട്ടികളിൽ അക്ഷരസൗഹൃദം വളർത്താനാണ് ശ്രമം. എന്ത് എങ്ങനെ വായിക്കണം, സാഹിത്യമെഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് നിർദ്ദേശം നൽകും. കഴിയുമ്പോഴൊക്കെ നാൽവർ ഒത്തുചേരും. കവിതയും സാഹിത്യവും ചർച്ച ചെയ്യും.

നാൽവഴികൾ പുസ്തകത്തിൽ പ്രണയം, ജീവിതം, പെൺമ, വീട് എന്നിവയെപ്പറ്റി നാല് പേരുടെയും 11 വീതം കവിതകളുണ്ട്. വിജില, പി. ശിവപ്രസാദ്, സിജി വി.എസ്, അജിത ടി.ജി എന്നിവരുടെ പഠനക്കുറിപ്പുകളും പ്രസാദ് കാക്കശേരിയുടെ അവതാരികയുമുണ്ട്. മൺസൂൺ ബുക്സാണ് പ്രസാധകർ.

നാൽവഴികളിൽ നിന്ന്

തായ്ത്തടിയാവണമെനിക്ക്

മരിച്ചതിന് ശേഷവും

വാതിലുകളും ജനലുകളുമാവാൻ

കഴിയുന്നൊരു മരം

നഫീസത്ത് ബീവി

പൊട്ടിയ ഓടിൻ്റെ വിടവിലൂടെയാണ്

നിറം മങ്ങിയ നിലവിളികൾ

മുറിയിലേക്ക് കയറിവന്നത്

ശ്രുതി കെ.എസ്

ഒറ്റവിളിയിൽ തീരും നിൻ്റെ കടമ

ഒരു നിലവിളിയിൽ ഞാനും

കെ.എസ്. കൃഷ്ണകുമാർ

വീട് ഉമ്മയെപ്പോലെയാണ്

സങ്കടങ്ങൾ ഇറക്കിവെക്കാനൊരിടം

അഹ്മദ് മുഈനുദ്ദീൻ