ചേർപ്പ്: കാസർകോട് മുതൽ കന്യാകുമാരി വരെ കാൽനട യാത്ര ചെയ്യാൻ എടപ്പാൾ സ്വദേശിയായ ശരത് തീരുമാനിക്കുമ്പോൾ അതിന് പിന്നിൽ പ്രകൃതിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ നിശ്ചിത ദൂരം പിന്നിടുമ്പോൾ വഴിയോരങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. പാതയുടെ ഇരുവശങ്ങളിലുള്ള ചെടികളെ സംരക്ഷിക്കുകയും ചെയ്യും. കാലങ്ങൾക്ക് ശേഷം പിന്നിടുന്ന വഴികളിലെല്ലാം തണൽ പരക്കണം. ഇതാണ് ശരത്തിന്റെ ആശയം.
സെപ്തംബറിൽ കാസർകോട് ബേക്കൽ കോട്ടയിൽ നിന്ന് ആരംഭിച്ച യാത്ര 432 കി.മീ പിന്നിട്ട് കഴിഞ്ഞ ദിവസം തൃശൂരിലെത്തി. വടക്കുംനാഥ ശ്രീമൂലസ്ഥാനത്തെ ദർശനത്തിന് ശേഷം ഇന്ന് ഇരിങ്ങാലക്കുട വഴി കാൽനട യാത്ര തുടരും. യാത്രാ വേളയിൽ പ്രകൃതി സ്നേഹികളായ സുമനസുകളിൽ നിന്ന് ശരത്തിന് ആശംസകളും ആശീർവാദങ്ങളും ലഭിക്കുന്നുണ്ട്.
ബാഗ്, വാട്ടർ ബോട്ടിൽ, ഷൂ, കുട, മാസ്‌ക്, തൊപ്പി, ബനിയൻ എന്നിവയാണ് ശരത്തിന്റെ കൈവശമുള്ള വസ്തുക്കൾ. യാത്രയ്ക്കിടയിൽ ഇളനീര് കഴിക്കും. ചേർപ്പ് വഴി യാത്ര ചെയ്ത ശരത്തിനെ ബ്ലാക്ക് നാടക തീയറ്റർ അംഗങ്ങളായ സി.എൻ ജയമോഹൻ, പ്രസാദ് കിഴക്കൂട്ട്, സുധി വല്ലച്ചിറ എന്നിവർ ചേർന്ന് സ്വീകരിച്ചു. പെരുമ്പിള്ളിശേരി ഖാദി ഗ്രാമോദ്ധാരണ പരിസരത്ത് വൃക്ഷ തൈയും നട്ടു. പ്രദേശത്തെ ഓട്ടോ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.