കൊടുങ്ങല്ലൂർ: നാഷണൽ ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അധികൃതർ പറയുന്ന രേഖകൾ യഥാസമയം ഹാജരാക്കി കാത്തിരിക്കുന്ന ജനങ്ങളെ സർട്ടിഫിക്കറ്റിലെ തിരുത്തൽ കാരണങ്ങൾ പറഞ്ഞ് എൻ.എച്ച് അധികൃതർ ബുദ്ധിമുട്ടിക്കുകയാണ്. ഹാജരാക്കിയ രേഖകൾ 15, 20 ദിവസം കഴിഞ്ഞാണ് പരിശോധിക്കുന്നത്. അറുപത് ദിവസത്തിനുള്ളിൽ ഭൂഉടമകളോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് കൊടുത്തിരിക്കെയാണ് അധികൃതരുടെ ഈ അവഗണന. എത്രയും വേഗം ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭൂഉടമകളെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, വൈസ് പ്രസിഡന്റ് കെ.പി സുനിൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ഇ.എസ് സാബു, വി.എം ജോണി എന്നിവർ അറിയിച്ചു.