iggivvi

നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന് വീണ നിലയിൽ.

കുന്നംകുളം: പരിസരവാസിയുടെ മണ്ണെടുപ്പ് മൂലം പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടിന്റെ പുറക് ഭാഗം ഇടിഞ്ഞ് വീണതായി പരാതി. കുന്നംകുളം നഗരസഭ ഒമ്പതാം വാർഡ് ചൊവ്വന്നൂർ മണലിമുക്ക് പ്രദേശത്ത് വള്ളിക്കാട്ടിരി സ്വദേശിനി വനജയുടെ രണ്ട് സെന്റ് സ്ഥലത്ത് പി.എം.എ.വൈ പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടിനരികത്ത് നിന്ന് പരിസരവാസി മണ്ണെടുത്ത് നീക്കിയതോടെ വാർപ്പ് നടക്കാനിരുന്ന വീടിന്റെ പുറക് ഭാഗം ഇടിഞ്ഞതായാണ് പരാതി. സമീപവാസി ചൊവ്വന്നൂർ ചുങ്കത്ത് വീട്ടിൽ താരുകുട്ടി എന്നയാൾക്കെതിരെയാണ് പരാതി. വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ രണ്ടുവശത്ത് നിന്നും ഇയാൾ പലപ്പോഴായി മണ്ണെടുത്ത് വിൽപന നടത്തിയതായും ഇപ്പോൾ താമസിക്കുന്ന വീടും തന്റെ മകൻ ഗിരീഷിന് വേണ്ടി നിർമ്മിക്കുന്ന വീടും സ്ഥലവും അപകടാവസ്ഥയിലാണെന്നും നിർമ്മിക്കുന്ന വീടിന്റെ അതിർത്തി കണക്കാക്കി മതിൽ കെട്ടാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും പരിസരവാസി അതിന് തയ്യാറായില്ലെന്ന് വനജ പറയുന്നു. മകൻ ഗിരീഷിന് ഒരു കണ്ണിന് കാഴ്ചയില്ല. പെയിന്റ് പണിക്കാരനായ ഗിരീഷിന് രണ്ട് പെൺമക്കളാണ്. ഗിരീഷിന് വേണ്ടിയാണ് അമ്മ വനജ വീട് നിർമ്മിക്കുന്നത്. വഴിയോരത്ത് ചെരുപ്പ് കച്ചവടമാണ് വനജയ്ക്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വീടിന്റെ തകർന്ന് ഭാഗം പുനർനിർമ്മിച്ച് വീട് പണി പൂർത്തീകരിക്കാനും ജീവനും തന്റെ സ്വത്തിനും സംരക്ഷണം നൽകാനും നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും എം.എൽ.എ, പൊലീസ്, മറ്റ് ഉന്നത അധികാരികൾക്കും പരാതി നൽകിയതായി വനജ പറയുന്നു.