പാവറട്ടി: മഴയിൽ കൃഷി നശിച്ച നെൽക്കർഷകർക്ക് സൗജന്യമായി നെൽവിത്തുകൾ നൽകാൻ തോളൂർ പഞ്ചായത്ത് അവലോകന യോഗത്തിൽ തീരുമാനം. പാലക്കാട് എരുത്തേമ്പതി ഫാമിലെ നെൽ വിത്താണ് കൃഷിക്കാർക്ക് നഷ്ടപരിഹാരമായി എത്തിക്കുന്നത്. പോന്നോർത്താഴം പടവിന് എട്ട് ടൺ നെൽവിത്ത് എത്തിച്ചതായും മറ്റ് ഒമ്പത് പടവുകൾക്ക് നൽകാൻ 28.8 ടൺ നെൽവിത്ത് ആവശ്യപ്പെട്ടതായും കൃഷി ഓഫീസർ പറഞ്ഞു. ചെല്ലിപ്പാടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിള നാശം നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ ബന്ധപ്പെട്ട പടവ് കമ്മിറ്റി ഭാരവാഹികളോട് നിർദ്ദേശിച്ചു. വാഴാനി ഡാം തുറന്ന് വിടുന്നതും മഴ തുടരുന്നതും കർഷകരുടെ ആശങ്ക കൂട്ടിയതായി പടവ് കമ്മിറ്റി കൺവീനർമാർ യോഗത്തിൽ പറഞ്ഞു. കൃഷിക്കാർക്ക് കൂടുതൽ ധനസഹായം എം.പി, എം.എൽ.എ ഫണ്ടുകളിൽ നിന്ന് ലഭ്യമാക്കാൻ വേണ്ടത് ചെയ്യുമെന്നും തുടർ വർഷങ്ങളിൽ ഇത്തരം പ്രതിസന്ധികൾ നേരിടാൻ വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ പാടശേഖരങ്ങളിൽ നടത്താൻ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തുമെന്നും യോഗാദ്ധ്യക്ഷൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ ഉറപ്പ് നൽകി.
ചെല്ലിപ്പാടം, പോന്നോർത്താഴം, വടക്കേ പോന്നോർത്താഴം, മേഞ്ചിറ, ചാലക്കൽ, പടിഞ്ഞാറ് പാടം, സൗത്ത് പടവ്, നോർത്ത് പടവ്, ചാലക്കൽ പാടം, കരിമ്പന തരിശ്, വളക്കുളം, കുർണിപാടം എന്നിവയിലെ കൺവീനർമാർ പങ്കെടുത്തു. സി.എ സന്തോഷ്, കെ.കുഞ്ഞുണ്ണി, കെ.എൽ ജോസ്, പി.പി ഫ്രാൻസിസ്, സി.പി പൗലോസ്, രാമചന്ദ്രൻ, സുനിൽ വി.കെ, ദേവൻ, സുധീർ, ഷിന്റോ, ദേവസ്സി, രാജൻ കഴുമ്പിള്ളി, സുന്ദരൻ ഐനിക്കാട്, വി.കെ രഘുനാഥൻ, ശ്രീകല കുഞ്ഞുണ്ണി, ഷീന വിൽസൺ, സരസമ്മ സുബ്രമണ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.